മെക്സിക്കോ സിറ്റി: ഫുട്ബോള്‍ ഇതിഹാസം എഡ്സണ് അരാന്റെസ് ഡോ നാസിമെന്റോ എന്ന പെലെയുടെ കൂറ്റൻ പ്രതിമ മെക്സിക്കന്‍ നഗരമായ ഗ്വാഡലജാരയില്‍ അനാച്ഛാദനം ചെയ്തു.
1970ല്‍ മെക്സിക്കോയില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടീമിന്റെ ഭാഗമായിരുന്ന പെലെ, കാൽപ്പന്തുകളിക്കു നൽകിയ സംഭാവനകളുടെ സ്മരണയ്ക്കായാണ് ഗ്വാഡലജാരയില്‍ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്.
2022ല്‍ 82-ാം വയസിലാണ് ഇതിഹാസം ഈ ലോകത്തോട് വിടപറഞ്ഞത്. പെലെയുടെ 9.5 മീറ്റര്‍ ഉയരമുള്ള (31 അടി) പ്രതിമ 1970- 1986 ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ജാലിസ്കോ സ്റ്റേഡിയത്തിന് പുറത്തുള്ള പ്ലാസ ബ്രസീല്‍ എന്നറിയപ്പെടുന്നിടത്താണ് സ്ഥാപിച്ചത്.
1970ലെ കിരീട നേട്ടത്തില്‍ ബ്രസീല്‍ ആദ്യ റൗണ്ട്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരങ്ങള്‍ ഇതേ സ്റ്റേഡിയത്തിലാണ് കളിച്ചത്. അന്ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇറ്റലിയെ പരാജയപ്പെടുത്തി പെലെയും സംഘവും കിരീടവും ചൂടി.
2026 ഫിഫ ലോകകപ്പിലേക്ക് 19 ദിനങ്ങളാണുള്ളത്. അമേരിക്ക, കാനഡ എന്നിവയ്ക്കൊപ്പം മെക്സിക്കോയും ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയോടെയാണ് 2026 ലോകകപ്പിന്റെ കിക്കോഫ് നടക്കുക.
ഇന്ത്യൻ സമയം ജൂൺ 11 അർധരാത്രി 12.30ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെക്കും ദക്ഷിണകൊറിയയുമാണ് ഗ്രൂപ്പ് എയിൽ മെക്സിക്കോയ്ക്കും ദക്ഷിണാഫ്രിക്കയുമുള്ള മറ്റു ടീമുകൾ.